Friday, October 12, 2007

സമന്വയം

ഇവിടെ നീയെന്നോടുരുമ്മിയിരിക്കുക
ഇക്കഥ മുഴുവനും കേള്‍ക്കുക
ഇടക്കിടെ മൂളുക
മൂളുന്നവേളയില്‍ ഞാനുള്ളതായ് എന്റെ കഥയുള്ളതായ്
നീയറിയുന്നുവെന്നുഞാനറിയുന്ന വേളയില്‍ മാത്രമെന്നുണ്മയെ തൊട്ടറിയുന്നു ഞാന്‍.

ഒരുമന്ദ്രസാന്ത്വനമായിവിടെയരികത്തു
ചിറകുകളുരുമ്മിയിരുന്നിക്കഥകളി
ലിടക്കിടെയോരോന്നുമൂളുകയെങ്കിലും ചെയ്തു നീയെന്നെ ഉണര്‍ത്തിയെടുക്കുക

കാലപ്രവാഹത്തിലിളയിളകിയൊഴുകിയി
ക്കടവിവിടെ യെത്തിയോര്‍ നാമിനിക്കൂട്ടുകാര്‍
ഒരുകൂരനാമൊരുക്കീടുക നീയതില്‍നിലാത്തിരി
നിത്യം കൊളുത്തിയിരിക്കുക
നീരിലും വേരിലും ഉയിരായി ഉയിരിന്റെഉറവാ
യനുസ്യൂതമുരുകിയീമുറ്റത്തു
മധുരങ്ങളത്രയും പങ്കിട്ടെടുക്കുക

നമ്മുടെ വിചാരങ്ങളില്‍ പ്രേമസംഗീതമധുവൂര്‍ന്നടു
ത്തറിഞ്ഞുണരുന്നൊരാദ്യാനുരാത്തുടിപ്പുകളില്‍
അഴകിമനമിഴുകിതനുതഴുകുമീത്തെന്നലില്‍
മൂര്‍ത്താഭിലാഷങ്ങളണമുറിയുമുറവകളില്‍
ആടിയും വാടിയുമുയിര്‍ചേര്‍ന്നുരഞ്ഞെരിയു
മാല്‍മതേജസ്സിന്‍ പ്രകാരാങ്കുരങ്ങളില്‍
പ്രക്രുതിയായ് പുരുഷനായ് നാമറിഞ്ഞീടുക

നമ്മുടെ വിഷാദങ്ങളില്‍സ്നേഹസംഗീതമിഴചേര്‍ന്നടി
ഞ്ഞടിയിലൂറുന്നൊരനുതാപവര്‍ഷാശ്രുധാരയില്‍
മുഴുകിയഴലൊഴുകിമിഴിവഴിയുമീതീര്‍ത്ഥത്തില്‍
തൂമഞ്ഞണിഞ്ഞണയുമരുണോദയങ്ങളില്‍
ബന്ധാന്ത്ജ്ലിവേര്‍ത്തുകിനിയുമാരാധനകള്‍
അന്യോന്യമാചരിച്ചടിതടവുമലിവുകളില്‍
ഇണയായി തുണയായി നാമറിഞ്ഞീടുക

നമ്മുടെ വികാരങ്ങളില്‍ ശക്തിസൗന്ദര്യമിണചേര്‍ന്ന
ലിഞ്ഞഴിഞ്ഞാഴത്തിലാഴ്ന്നൊഴുകുമാനന്ദമൂര്‍ഛകളില്‍
ഇറുകിയിഴമുറുകിയിടപിടയുമാവേഗത്തില്‍
നാഭിച്ചുഴിയുലഞ്ഞുയരുന്നലാരികളില്‍
ആയിരം താമരയിതള്‍ വിരിഞ്ഞതിലുതിരു
മാദ്യരേതസ്സിന്‍ സുഗന്ധിയാംവീര്‍പ്പുകളില്‍
അഴകായി അമ്രുതായി നാമുയിര്‍ന്നീടുക.

ഇവിടെ നീയെന്നോടുരുമ്മിയിരിക്കുക
ഇക്കഥമുഴുവനും കെള്‍ക്കുക ഇടക്കിടെമൂളുക